Tuesday, October 23, 2007

താരാട്ടിന്‍റെ രസതന്ത്രം

താരാട്ടിന്‍റെ രസതന്ത്രം
നിലാവ് പരന്ന, മാമ്പൂക്കള്‍ കൊഴിഞ്ഞ് വീണ മുറ്റത്ത് പാദചലനങ്ങളുടെ തനിയാവര്‍ത്തനം.
അമ്മയുടെ മാറോട് ചേര്‍ന്ന് തലോടലിലും താരാട്ടിലും ലയിച്ച് മയങ്ങാനൊരുങ്ങുമ്പോള്‍ പൂമരങ്ങള്‍ തഴുകിയെത്തുന്ന ചെറുകാറ്റ് അവര്‍ക്ക് ചുറ്റും സുഗന്ധം നിറയ്ക്കും.കുഞ്ഞിനെ താരാട്ട് പാടിയുറക്കുന്നത് കേരളത്തിലെ വീടുകളില്‍ പതിവ് കാഴ്ചയാ‍യിരുന്നു. ഇരയിമ്മന്‍ തമ്പി രചിച്ച ‘ഓമന തിങ്കള്‍ കിടാവോ’ എന്നു തുടങ്ങുന്ന താരാട്ട് പാട്ട് ആസ്വദിച്ചുറങ്ങിയ തലമുറയില്‍ പെട്ടവര്‍ സുകൃതം ചെയ്തവര്‍! പുതു തലമുറയ്ക്ക് അന്യമാവുന്ന സൌഭാഗ്യമാണത്.കാലം രൌദ്ര ഭാവം പൂണ്ട് കുതിക്കുമ്പോള്‍, കുഞ്ഞിനെ തഴുകാനും താരാട്ട് പാടിയുറക്കാനുമൊക്കെയുള്ള ക്ഷമ മാതാപിതാക്കള്‍ക്ക് നഷ്ടമാവുന്നു. ആകാരവടിവിന് അമിത പ്രാധാന്യം നല്‍കുമ്പോഴും സ്തന ഭംഗി നില നിര്‍ത്താന്‍ നൂതന മാര്‍ഗ്ഗങ്ങള്‍ ആരായുമ്പോഴും കുഞ്ഞിന് നഷ്ടമാവുന്നതെന്തെന്ന് അമ്മമാര്‍ തിരിച്ചറിയണം. മുലയൂട്ടലും ഉറക്ക് പാട്ടുമൊക്കെ ലോകത്തെ അറിയുന്നതിന്‍റെ ആരംഭമാണ്-പരസ്പര ബന്ധത്തെ ഇറുകെ പുണര്‍ന്നിരിക്കുന്ന കാണാ ചരട്.
നവജാത ശിശുക്കളുടെ ബുദ്ധി വികാസത്തിന് താരാട്ട് ഗുണകരമാണെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തുന്ന ഗവേഷകരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. കുഞ്ഞിന്‍റെ ബുദ്ധി വളര്‍ച്ചയെ സംഗീതം സ്വാധീനിക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ആവര്‍ത്തിക്കുന്ന താള ക്രമമുള്ള സംഗീതം കുഞ്ഞുങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുനുണ്ട്. അത് കുഞ്ഞുങ്ങളെ ആനന്ദിപ്പിക്കുന്നുമുണ്ട്.കൂടാതെ, സംഗീതം ഗര്‍ഭസ്ഥ ശിശുവിന്‍റെ ബുദ്ധി വികാസത്തെ സ്വാധീനിക്കുന്നു എന്ന നിഗമനങ്ങളും ദശകങ്ങള്‍ക്ക് മുമ്പ് തന്നെ സജീവ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതാണ്. പക്ഷേ, വിവിധ രാജ്യങ്ങളിലെ ന്യൂറോ സയന്‍റിസ്റ്റുകളും സൈക്കോളജിസ്റ്റുകളുമൊക്കെ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമാണ് പുലര്‍ത്തുന്നത്.പിറവിക്ക് മുമ്പുള്ള 30 ഓളം ആഴ്ചകളില്‍ വ്യത്യസ്ത ശബ്ദങ്ങളോട് ഗര്‍ഭസ്ഥ ശിശു അനുകൂലമായി പ്രതികരിക്കുന്നു എന്ന് ഗവേഷകര്‍ പറയുന്നു. തരംഗ ദൈര്‍ഘ്യം കുറഞ്ഞ ശബ്ദ വീചികള്‍ താരതമ്യേന വേഗത്തില്‍ ഗര്‍ഭാശയത്തില്‍ എത്തുന്നു എന്നും ചില സവിശേഷതകള്‍ ഉള്ള സംഗീതം ബുദ്ധി വികാസത്തെ സ്വാധീനിക്കുന്നു എന്നും ആണ് അവരുടെ വാദം.എന്നാല്‍, മറു വിഭാഗം ഗവേഷകര്‍ ഇതിനോട് യോജിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ‘സ്ഥിരീകരിക്കപ്പെടാത്ത കരുതലുകള്‍’ മാത്രമാണിതെന്ന് അവര്‍ പറയുന്നു. ഗര്‍ഭാവസ്ഥയില്‍ സംഗീതം ആസ്വദിക്കുന്നത് പില്‍ക്കാലത്ത് കുഞ്ഞുങ്ങളെ കൂടുതല്‍ ചുറുചുറുക്കും ബുദ്ധി ശക്തിയുള്ളവരും ആക്കുന്നു എന്ന വാദത്തെയും അവര്‍ ഖണ്ഡിക്കുന്നു.
ഗര്‍ഭധാരണ വേളയില്‍ സംഗീതം ആസ്വദിക്കുന്നത് മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കാനും കൂടുതല്‍ പ്രസന്നവതികളാവാനും നന്നായി ഉറങ്ങാനുമൊക്കെ സഹായിക്കുന്നുണ്ട് എങ്കില്‍ അത് ഗര്‍ഭസ്ഥ ശിശുവിനും ഗുണകരമാണ്. അതു തന്നെയാണ് ഗര്‍ഭസ്ഥ ശിശുവിന് മേല്‍ സംഗീതത്തിന്‍റെ പരോക്ഷ സ്വാധീനമെന്നും അവര്‍ വ്യക്തമാക്കുന്നു.ഗര്‍ഭധാരണ വേളയില്‍ സംഗീതം ആസ്വദിക്കുന്നത് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാനും മനസ്സിന്‍റെ പിരിമുറുക്കം കുറയ്ക്കാനും സുഖമായി ഉറങ്ങാനും സഹായിക്കുന്നു എങ്കില്‍ ഉദരത്തിലുള്ള കുഞ്ഞിനും അത് ഗുണകരമാവുമെന്നതില്‍ തര്‍ക്കമില്ല. താരാട്ട് പാട്ടിലും മൃദു സ്പര്‍ശത്തിലും ഒളിഞ്ഞിരിക്കുന്ന മാജിക് എന്തായാലും ‘ നീ എന്‍റേതാണ്, എന്‍റെ ജീവനാണ്’ എന്നൊക്കെ രൂപമില്ലാതെയുള്ള അടയാളങ്ങള്‍ കുഞ്ഞു മാനസ്സുകളില്‍ കോറിയിടുന്നുണ്ട്. ‘പറയാതെ പറയുന്നതൊക്കെ’ തലോടലില്‍ ഒളിഞ്ഞിരിക്കുന്നു.കുഞ്ഞുങ്ങളെ ശാന്തരാക്കാനും ഉറക്കാനുമൊക്കെ താരാട്ട് പാട്ടുകളുടെ സി ഡികള്‍ വിപണിയിലുണ്ട്. കുഞ്ഞ് ആ താളത്തില്‍ ലയിച്ചിരിക്കുന്നുമുണ്ടാവാം. എന്നാല്‍, ശബ്ദമാധുര്യമില്ലെങ്കില്‍ കൂടി പാടുന്നതിനൊപ്പം കുഞ്ഞിന്‍റെ പുറത്ത് തലോടുമ്പോഴോ താളം പിടിക്കുമ്പോഴോ കുഞ്ഞിന് ലഭിക്കുന്ന സ്നേഹവായ്പിനൊപ്പമാവില്ല മറ്റൊന്നും. ബന്ധത്തിന്‍റെ ഇഴയടുപ്പം കൂട്ടാന്‍ ഇത്തരം മാന്ത്രിക സ്പര്‍ശങ്ങള്‍ക്കാവുന്നുണ്ട്.മഹാനഗരത്തിലെ അംബര ചുംബിയായ ബഹുനില കെട്ടിടത്തില്‍ മാതൃഭാഷയില്‍ സംസാരിച്ചാല്‍ മനസ്സിലാവാത്ത പങ്കാളിക്കൊപ്പം ഫാസ്റ്റ് ഫുഡിന്‍റെ രുചിയില്‍ മയങ്ങി ബ്ലൂടൂത്തും ഐഫോണുമൊക്കെയായി മുന്നോട്ട് പോവുമ്പോഴും ഇലഞ്ഞിപ്പൂക്കളും അരളിപ്പൂക്കളുമൊക്കെ വീണു കിടക്കുന്ന തൊടിയും പാടങ്ങളും ചീവീടുകളുടെ കരച്ചിലുമൊക്കെ ഇടയ്ക്കെങ്കിലും സുഖദമായ ഓര്‍മ്മയായി പെയ്തിറങ്ങുന്നു എങ്കില്‍ നന്ദി പറയേണ്ടത് ബാല്യകാലത്ത് പകര്‍ന്ന് കിട്ടിയ സ്നേഹ വായ്പിനാണ്. തലോടലിനും താരാട്ട് പാട്ടിനും പിന്നിലുള്ള രസതന്ത്രം എന്തുമാവട്ടെ. ഗവേഷകര്‍ പരസ്പരം കലഹിക്കട്ടെ. ഈ സംവാദങ്ങള്‍ തുടരുകയും ചെയ്യട്ടെ. നമുക്ക് ലഭിച്ച സൌഭാഗ്യങ്ങളൊക്കെ വരും തലമുറയും അര്‍ഹിക്കുന്നു. അത് നിഷേധിക്കുമ്പോള്‍ ദുരന്ത ഭൂവിലെ സ്മാരകങ്ങള്‍ പോലെ വൃദ്ധ സദനങ്ങള്‍ നിരനിരയായി ഉയര്‍ന്നേക്കാം.

7 comments:

മന്‍സുര്‍ said...

ഷാന്‍,,,....

വളരെ മികച്ച ഒരു വിവരണം...

അമ്മയുടെ മാറില്‍ തലചായുച്ചുറങ്ങേണ്ട കുഞുങ്ങളെ
രാസപാദാര്‍ത്ഥങ്ങള്‍ മുക്കിയ പാല്‍പൊടികളില്‍ പാലൂട്ടുന്ന അമ്മമാര്‍ കേരളത്തിലെന്നല്ല..ലോകമെങ്ങും വളരുകയാണ്‌...
സൌന്ദര്യം കാത്തു സൂക്ഷിക്കാന്‍ ഇതൊക്കെ നിര്‍ബന്ധമത്രെ...ഈ അമ്മമാര്‍ക്ക്‌... ഇന്നു കുട്ടികള്‍ക്ക്‌ അമ്മിഞപാലിന്റെ മാധുര്യം അജ്ഞ്‌മാണ്‌.. ഹൌസ്‌മെയ്ഡുകളുടെ ലാളനകളില്‍ നമ്മുടെ കുഞുങ്ങളും കൊച്ചു ഹൌസ്‌ മെയ്ഡുകളായി വളരുകയാണ്‌..
അമ്മിഞപാല്ലിന്‍ സുഖമറിഞ ഞാന്‍ ഇന്നും കൊതിക്കുന്നുവെന്‍ അമ്മ തന്‍ മാറില്‍ മുഖമൊന്നമര്‍ത്തി മയങ്ങാന്‍..
നാളെ നമ്മളും വാര്‍ദ്ധക്യത്തിന്റെ പിടിയിലമരുമെന്നറിയമെങ്കിലും.....അതോര്‍ക്കാന്‍ സമയമില്ലിന്നാര്‍കുമേ...
സ്വപ്‌നങ്ങളുടെ മണിമാളികകള്‍ വെട്ടി പിടിക്കാന്‍ വീണു കിടക്കുന്ന ചവിട്ടിയോടുന്ന ഈ സമൂഹം ഓടുന്നത്‌ എങ്ങോട്ട്‌...???
വളരുന്ന മക്കള്‍ കണ്ടു പഠിക്കട്ടെ....മുത്തശ്ശനെയും മുത്തശ്ശിയെയും വ്രദ്ധസദനങ്ങളില്‍ തള്ളിയിടുന്ന അച്ഛനെയും അമ്മയെയും...
അവരുടെ മനസ്സ്‌ പറയുന്നില്ലേ നാളെ ഇവരെ ഞങ്ങളും കൊണ്ടു പോയി വിടേണ്ടത്‌ അവിടെ തന്നെയെന്ന്‌..
നാളെയുടെ തലമുറ....
നല്ലൊരു ഭാവി തലമുറക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാം...

നന്‍മകള്‍ നേരുന്നു

SHAN ALPY said...

thanks

Anonymous said...

assalamualikkum wa wa shan bhai wah kya lika aapney first class very nice all best write more more wishing all the best

ദിലീപ് വിശ്വനാഥ് said...

നല്ല വിവരണം.

ഹരിശ്രീ said...

ഷാന്‍

വളരെ ശ്രദ്ധേയമായ് വിവരണം.

ആശംസകള്‍

ഗിരീഷ്‌ എ എസ്‌ said...

നല്ല വിവരണം

താരാട്ടുകള്‍
ഇന്നന്യമാവുന്നു....
ആദ്യമൊക്കെ
പഠിച്ചുവെക്കാതെ അപ്പോള്‍ മനസില്‍ വരുന്ന ഈരടികളായിരുന്നു അമ്മമാര്‍ ചൊല്ലിയിരുന്നത്‌...
ഇന്നതെല്ലാം പോയി മറഞ്ഞിരിക്കുന്നു..
കാലത്തിനധീതമായി
ഒന്നുമില്ലെന്ന
മറ്റൊരു യാഥാര്‍ത്ഥ്യം കൂടി

അഭിനന്ദനങ്ങള്‍..

ഗീത said...

ആദ്യമായാണിവിടെ...

നല്ല ലേഖനം.
ഇപ്പോഴത്തെ അമ്മമാര്‍ ഇതൊക്കെ കുറച്ചു തിരിച്ചറിയുന്നുണ്ടെന്ന് തോന്നുന്നു. ഇപ്പോഴത്തെ പെണ്‍കിടാങ്ങള്‍ക്ക് ബ്രെസ്റ്റ് ഫീഡിങ്ങിനോടൊന്നും വലിയ എതിര്‍പ്പില്ല.
ഒരു 15-20 വര്‍ഷം മുന്‍പാണ് ആ വക പരിഷ്ക്കാരങ്ങ ളൊക്കെ. ഇന്നത് മാറിയിരിക്കുന്നു.